മിഷൻ കോൺഗ്രസ് – ബിസിസി കൺവെൻഷൻ ഉദ്ഘാടനം


മറ്റു സംസ്‌കാരങ്ങളെ മനസിലാക്കുവാനും ബഹുമാനിക്കുവാനും കഴിയണം
: കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്

കൊച്ചി: ഭിന്ന സംസ്‌കാരങ്ങളുടെയും, മതങ്ങളുടെയും ഒരു സമൂഹത്തിൽ ജീവിക്കുന്ന നാം മറ്റു സംസ്‌കാരങ്ങളെ മനസിലാക്കുവാനും ബഹുമാനിക്കുവാനും കഴിയുന്നവരാകണമെന്ന് സിസിബിഐ (ഭാരത ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി) പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. കേരള ലത്തീൻ കത്തോലിക്കാ സഭയുടെ മിഷൻകോൺഗ്രസും ബിസിസി കൺവെൻഷനും വല്ലാർപാടത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർദിനാൾ. ഇന്ത്യയുടെയും കേരളത്തിന്റെയും സമ്പന്നതയാണ് ഭിന്നസംസ്‌കാരങ്ങളും, ഭിന്ന മതങ്ങളും. സ്വാർത്ഥതയില്ലാത്ത ഒരു സമൂഹമായി നാം രൂപാന്തരം പ്രാപിക്കുകയും അതുവഴി മറ്റുള്ളവരിലേക്ക് മനസു തുറക്കുന്നവരായി മാറുകയും വേണം. പാവപ്പെട്ടവരിലേക്കും, ദുരിതമനുഭവിക്കുന്നവരിലേക്കും കടന്നുചെല്ലണമെന്നാണ് ഫ്രാൻസിസ് പാപ്പാ തുടർച്ചയായി നമ്മോടു ആവശ്യപ്പെടുന്നത്. മറ്റുള്ളവരെ സുവിശേഷം പഠിപ്പിക്കുന്നതിനു മുമ്പ് നാം സ്വയം സുവിശേഷം പഠിക്കണം. അതുവഴി പ്രേഷിതശിഷ്യന്മാരാകാൻ നമുക്കു സാധിക്കും. നമ്മുടെ ഉള്ളിൽ തന്നെയുള്ള ഒരു മാറ്റം അതിന് അനിവാര്യമാണ്. ഫ്രാൻസിസ് പാപ്പാ നമ്മിൽ നിന്ന് ആഗ്രഹിക്കുന്നതും അതാണ്. സുവിശേഷം പ്രഘോഷിക്കുക എന്നത് ബിഷപ്പുമാരുടെയും, പുരോഹിതരുടെയും മാത്രം ചുമതലയല്ല. മാമോദീസ സ്വീകരിച്ച സർവരും സുവിശേഷം പ്രഘോഷിക്കുവാൻ കടപ്പെട്ടവരാണ്. സുവിശേഷമൂല്യങ്ങളെന്നാൽ നീതി, സത്യസന്ധത, സേവനം, സ്‌നേഹം, ഐക്യം, സഹനം എന്നിവയാണ്. ദൈവരാജ്യമെന്നത് സുവിശേഷമൂല്യങ്ങൾ ഉൾക്കൊള്ളുന്നിടമാണ്.
സുവിശേഷം പഠിപ്പിക്കുന്നത് സ്‌നേഹമാണ്. നാം സ്‌നേഹത്തിലധിഷ്ഠിതമായ ഒരു വലിയ കുടുംബമാകാനാണ് ദൈവം ആഗ്രഹിക്കുന്നത്. യേശുവിന്റെ ശിഷ്യന്മാരാകാൻ ഓരോരുത്തരും പ്രത്യേക രീതികളിലാണ് വിളിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ പ്രാർത്ഥനകൾ വഴിയും, കൂദാശകൾ വഴിയും യേശുവുമായുള്ള വ്യക്തിബന്ധത്തലൂടെയും അവന്റെ വിളി ശ്രവിക്കുവാനും നമ്മുടെ സുവിശേഷവേല തിരഞ്ഞെടുക്കുവാനും സാധിക്കും. മിഷൻ കോൺഗ്രസിലെ ഈ ദിനങ്ങൾ ഇക്കാര്യങ്ങൾ ചർച്ചചെയ്യാനും പങ്കുവയ്ക്കാനും സാധിക്കുന്നതാകട്ടെയെന്ന് കർദിനാൽ ഓസ്വാൾഡ് ഗ്രേഷ്യസ് ആശംസിച്ചു.
സുവിശേഷസന്ദേശം പ്രചരിപ്പിക്കുവാനുമാണ് ലോകവീഥികളിൽ നാം നമ്മുടെ സഹോദരിസഹോദരരോടൊപ്പം സഞ്ചരിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നത്. പുറമേ നിന്നു മാത്രമല്ല, സഭാസമൂഹത്തിൽ നിന്നും പലപ്പോഴും സുവിശേഷപ്രഘോഷണത്തിന് നിരവധി തടസങ്ങളുണ്ടാകാറുണ്ട്. ചിലപ്പോൾ യേശുവിനെ പ്രഘോഷിക്കുവാൻ സന്തോഷത്തിന്റെയും ധൈര്യത്തിന്റെയും പ്രതീക്ഷയുടെയും അഭാവമുണ്ടാകും. മറ്റു ചിലപ്പോൾ യേശുവിനെ പ്രഘോഷിക്കുക എന്നത് സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണെന്നു തോന്നാം. പൈശാചികതയുടെ ഇരുളിൽ നിന്നും മോചനം നേടാനും നല്ല പാതയിലേക്ക് നമ്മെ നയിക്കുവാനും ദൈവത്തിന്റെ സ്‌നേഹശക്തിക്കു സാധിക്കുമെന്നും ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വോത്ര വ്യക്തമാക്കി.
കെസിബിസിയുടെയും കെആർഎൽസിസിയുടെയും പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മയിലൂന്നിയ പ്രവർത്തന സംസ്‌കാരം കൂടുതൽ പരിശീലിക്കേണ്ടിയിരിക്കുന്നു എന്ന അവബോധം ഈ മഹാസംഗമത്തെ വളരെ പ്രതീക്ഷയോടെ കാണാൻ നമ്മെ പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളസമൂഹത്തിന്റെ പൊതുഇടങ്ങളിൽ സാമൂഹികതിന്മകൾക്കെതിരെ ശക്തമായി പ്രതികരിക്കുവാനും, അവയെ പ്രതിരോധിക്കുവാനും ഒരു തിരുത്തൽസ്വരമായി തീരാൻ മിഷൻ കോൺഗ്രസ് സംഗമം സഹായിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വത്തിക്കാനിലെ ഇവാഞ്ചലൈസേഷൻ സെക്രട്ടറി ആർച്ച്ബിഷപ് പ്രൊട്ടാസെ ദുഗുംബോ സംബന്ധിച്ചു.
സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, സീറോ മലങ്കര സഭയെ പ്രതിനിധീകരിച്ച് ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവർ ആശംസാപ്രസംഗം നടത്തി. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്വാഗതവും, കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ കൃതജ്ഞതയുമർപ്പിച്ചു. രാവിലെ 9 മുതൽ സമ്മേളനവേദിയിൽ സംഗീതശുശ്രൂഷയുണ്ടായിരുന്നു. വിശിഷ്ടാതിഥികളെ വല്ലാർപാടം ബസിലിക്ക കവാടത്തിൽ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചതിനുശേഷം സുൽത്താൻപേട്ട് രൂപതാ ബിഷപ് ഡോ. പീറ്റർ അബീർ അന്തോണിസാമിയുടെ നേതൃത്വത്തിൽ ബൈബിൾ പ്രതിഷ്ഠയും, കെആർഎൽസിബിസി അല്മായ കമ്മീഷൻ സെക്രട്ടറി ഫാ. വില്യം രാജൻ നയിച്ച പ്രാർത്ഥനാശുശ്രൂഷയും ഉണ്ടായിരുന്നു.
വൈകീട്ട് മൂന്നിന് അർപ്പിച്ച പൊന്തിഫിക്കൽ ദിവ്യബലിയിൽ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിമദ്ധ്യേ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന് വത്തിക്കാൻ സ്ഥാനപതി പാലിയം അണിയിച്ചു. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി കൃതജ്ഞത പറഞ്ഞു. കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്നായി തിരഞ്ഞെടുത്ത 3500 പ്രതിനിധികളും മുപ്പതോളം ബിഷപ്പുമാരും കൺവെൻഷനിൽ പങ്കെടുത്തു.