വോട്ടവകാശം വിനിയോഗിക്കുക എന്നത് യഥാർത്ഥ പൗരന്റെ കടമ: ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് ശരിയായ വിധത്തിൽ വോട്ടവകാശം വിനിയോഗിക്കുക എന്നത് രാഷ്ട്രസ്നേഹമുള്ള ഒരു പൗരന്റെ കടമയാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിൽ അഭിപ്രായപ്പെട്ടു.രാവിലെ എറണാകുളം സെന്റ്.മേരീസ് സ്കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടിന്റെ നന്മക്കായി ഉചിതമായ തിരഞ്ഞെടുപ്പ് നടത്താൻ ജനങ്ങൾക്ക് സാധിക്കട്ടെ എന്ന് ആർച്ച് ബിഷപ് പറഞ്ഞു. കനത്ത മഴയായിരുന്നിട്ടും മുൻകൂട്ടി നിശ്ചയിച്ച സമയത്തു തന്നെ വോട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റവും ആർച്ച്ബിഷപ്പിനൊപ്പം വോട്ട് ചെയ്യാൻ എത്തിയിരുന്നു.

മാധ്യമ പ്രവർത്തനം സത്യത്തെ മുറുകെപ്പിടിക്കുന്നതായിരിക്കണം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

മാധ്യമ പ്രവർത്തനം സത്യത്തെ മുറുകെപ്പിടിക്കുന്നതായിരിക്കണം എന്ന് ആര്‍ച്ച്ബിഷപ്പ്  ജോസഫ് കളത്തിപ്പറമ്പില്‍ ഉല്‍ബോധിപ്പിച്ചു. മാധ്യമപ്രവർത്തനം സത്യവും നീതിയും മുറുകെപ്പിടിച്ച് പാവങ്ങളെയും പാർശ്വവത്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലേക്ക് ഉയർത്താൻ വേണ്ടിയുള്ളതായിരിക്കണം.  ജനാധിപത്യത്തിന്റെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കാൻ മാധ്യമങ്ങൾക്ക് കഴിയും. സമൂഹത്തിലെ തിന്മയുടെ അംശങ്ങളെ എതിർത്തു തോൽപ്പിക്കാൻ ആവശ്യമായ കരുത്ത് സമ്പാദിക്കാൻ ഓരോ മാധ്യമപ്രവർത്തകനും സാധിക്കണം എന്നും ആർച്ച്ബിഷപ് ഓർമപ്പെടുത്തി. വരാപ്പുഴ അതിരൂപത മീഡിയ കമ്മീഷന്റെ ഓൺലൈൻ ന്യൂസ് പോർട്ടലായ ‘കേരളവാണി’യുടെ സ്വിച്ച് ഓൺ കർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വികാർ ജനറൽമാരായ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ, മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമിറ്റം, ചാൻസിലർ ഫാ. എബിജിൻ അറക്കൽ, മോൺസിഞ്ഞോർ ജോസഫ് പടിയാരംപറമ്പിൽ, ഫാ. സോജൻ മാളിയേക്കൽ, ഫാ. ജോൺ ക്രിസ്റ്റഫർ, അഡ്വ. ഷെറി ജെ. തോമസ്, ഷാജി ജോർജ്, സി. ജെ. പോൾ, സിബി ജോയ്, മാധ്യമപ്രവർത്തകരായ ജക്കോബി, കെ. ജി. മത്തായി തുടങ്ങിയവർ സംബന്ധിച്ചു.

മൂലമ്പിള്ളി പാക്കേജ് എത്രയും പെട്ടന്ന് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു ആർച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു

പത്തു വര്‍ഷമായിട്ടും പൂർണ്ണമായും നടപ്പാക്കാനാകാത്ത മൂലമ്പിള്ളി പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കത്ത് നൽകി. മൂലമ്പിള്ളി പദ്ധതിക്കുവേണ്ടി കുടിയിറക്കപെട്ടവരുടെ ദുരിതങ്ങൾ എടുത്തു പറഞ്ഞ അദ്ദേഹം പ്രശ്നത്തിന് ഉടനെ പരിഹാരം കാണാൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

കത്തിന്റെ പ്രസക്ത ഭാഗങ്ങൾ :

1. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിലെഒരാള്‍ക്കുവീതം പദ്ധതിയില്‍ തൊഴില്‍ നല്കാമെന്ന ഉത്തരവ് ഇനിയും നടപ്പാക്കിയിട്ടില്ല.

2. കാക്കനാടു വില്ലേജില്‍ (കരുണാകരപിള്ള റോഡ്) പുനരധിവാസഭൂമിയില്‍ 56 കുടുംബങ്ങള്‍ക്ക് 4 സെന്‍റ് ഭൂമിയുടെ പട്ടയം നല്കിയിട്ടുണ്ടെങ്കിലും മൂന്നേമുക്കാല്‍ സെന്‍റ് വീതമാണ് നല്കിയിട്ടുള്ളത്.  ചതുപ്പും, വെള്ളക്കെട്ടും നിറഞ്ഞ ഈ പ്രദേശത്ത് പണിത രണ്ടുവീടുകള്‍ക്കും ചരിവും വിള്ളലും സംഭവിച്ചിട്ടുണ്ട്.   സ്ഥലം വാസയോഗ്യമാക്കിത്തരണം.

3. വാഴക്കാല വില്ലേജില്‍ തുതിയൂര്‍ ഇന്ദിരാനഗറില്‍ 113 പ്ലോട്ടുകള്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് അളന്നു തിരിച്ചെങ്കിലും സ്കെച്ച് തയ്യാറാക്കാത്തതിനാല്‍ ഉടമകള്‍ക്ക് സ്ഥലം തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്.  ഈ പ്രദേശങ്ങളും വാസയോഗ്യമല്ലെന്ന് പിഡബ്ല്യൂഡി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.

4.  സിആര്‍ഇസഡ് പരിധിയില്‍ വരുന്ന കടമക്കുടി, മുളവുകാട് പ്രദേശങ്ങളില്‍ കെട്ടിട നിര്‍മ്മാണഅനുമതികള്‍നിഷേധിക്കപ്പെട്ടത് മാറ്റിത്തരണം.

5.  6/6/2011-ല്‍ ബഹു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗ തീരുമാനപ്രകാരം ഡിഎല്‍പിസി ഓപ്റ്റ് ചെയ്ത ഏതാനും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക പൊന്നും വില മാത്രമാണ് നല്കിയത്.  ഇത് പരിഹരിക്കണം.

6. മുടങ്ങിക്കിടക്കുന്ന മോണിറ്ററിംഗ് കമ്മിറ്റി വിളിക്കുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വരെ ഡെപ്യൂട്ടി കളക്ടര്‍ റാങ്കിലുള്ള ഒരു മുഴുവന്‍ സമയ നോഡല്‍ ഓഫീസറെ നിയമിക്കുകയും ചെയ്യണം.

റവ:ഫാ. ജേക്കബ് പട്ടരുമഠത്തിൽ അന്തരിച്ചു

വരാപ്പുഴ അതിരൂപത മുൻ ചാൻസിലർ റവ:ഫാ. ജേക്കബ് പട്ടരുമഠത്തിൽ അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖം മൂലം അദ്ദേഹം ചികിത്സയിലായിരുന്നു. നിലവിൽ ചേരാനല്ലൂർ സൈന്റ്‌ജെയിംസ് ഇടവക  വികാരിയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതയ്ക്ക് നികത്താനാവാത്ത തീരാ നഷ്ടം ആണ് അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഉണ്ടായത് എന്ന് ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് മൃതസംസ്‌ക്കാര ദിവ്യബലി മധ്യേ പറഞ്ഞു. അദ്ദേഹത്തിലൂടെ ദൈവം ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും ആര്‍ച്ച്ബിഷപ്പ് ആമുഖസന്ദേശത്തില്‍ പറഞ്ഞു.

ഫാ. ജേക്കബ് പട്ടരുമഠത്തിൽ 2002 മുതൽ മുതൽ 2008 വരെ വരാപ്പുഴ അതിരൂപത ചാൻസിലറായി സേവനമനുഷ്ഠിച്ചു. കൂടാതെ സെൻ ജോസഫ് മൈനർ സെമിനാരി ഡയറക്ടർ, ആത്മീയ പിതാവ് എന്നീ നിലകളിലും ചേന്നൂര്‍, വാടേല്‍, മുട്ടിനകം, പെരുമാനൂർ, ആറാട്ടുവഴി, കൊങ്ങോർപ്പിള്ളി എന്നീ ഇടവകകളിലും വികാരിയായി സേവനം ചെയ്തിട്ടുണ്ട് . തൈക്കൂടം, കലൂർ ,കൂനമ്മാവ് എന്നീ ഇടവകകളിൽ അദ്ദേഹം സഹവികാരി ആയിരുന്നു. അറിയപ്പെടുന്ന എഴുത്തുകാരനും പ്രശസ്തനായ വാഗ്മിയും ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വരാപ്പുഴ അതിരൂപതാ കുടുംബം കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി അര്‍പ്പിക്കുന്നു.

 

സന്ന്യസ്ത സമര്‍പ്പിത സംഗമം സംഘടിപ്പിച്ചു

കെസിബിസിയുടെയും കേരള കത്തോലിക്കാ സമര്‍പ്പിത സമൂഹങ്ങളുടെ എറണാകുളം മേഖലയുടെയും ആഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍  സന്ന്യസ്ത സമര്‍പ്പിത സംഗമം സംഘടിപ്പിച്ചു. സംഗമം ജസ്റ്റിസ് എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി.

സന്യാസത്തിലെയും സഭയിലെയും സഹനകാലങ്ങള്‍ കടന്നുപോകുമെന്നും എല്ലാവരും ഒരുപോലെ ശോഭിക്കുന്ന നല്ല നാളെ രൂപപ്പെടുമെന്നും ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. ഏതാനും ഇടങ്ങളിലും ചില വ്യക്തികളിലും മാത്രമാണ് അപചയം എന്നു പറഞ്ഞു നിസാരവത്കരണം നടത്താതെ പൂര്‍ണമായും ശരിയാകാനാണ് നാം പരിശ്രമിക്കേണ്ടത്. എന്തെല്ലാം വെല്ലുവിളികള്‍ ഉണ്ടായാലും നന്മ ചെയ്യുന്നതില്‍നിന്നു നാം ഒരിക്കലും പിന്മാറരുത്. ഏതാനും പേരുടെ അപഭ്രംശങ്ങളുടെ പേരില്‍ സന്ന്യസ്ത സമൂഹത്തെയാകെ അവഹേളിക്കുന്നവരുണ്ട്. ചില മാധ്യമങ്ങളും അക്കൂട്ടത്തിലുണ്ട്. ആരെല്ലാം അവഹേളിച്ചാലും ശക്തമായി മുന്നോട്ടുപോകാന്‍ സന്ന്യസ്ത സമൂഹത്തിനൊപ്പം സഭയാകെ ഉണ്ടാകും. സമൂഹത്തില്‍ നന്മയുടെ പ്രകാശം പരത്തുന്ന ധാര്‍മികശക്തിയാണു സന്ന്യാസവും സന്ന്യസ്തരുമെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. സന്ന്യാസത്തിനുനേരെ ഉയരുന്ന വെല്ലുവിളികളെയും അവഹേളനങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് സഭയ്ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എതിര്‍പ്പുകളിലും വെല്ലുവിളികളിലും തളരുന്നവളല്ല സഭ. ചരിത്രത്തില്‍ പല ഘട്ടങ്ങളിലും ഈ വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ട്. കേരള സമൂഹത്തിന്റെ ധാര്‍മിക, മൂല്യാധിഷ്ഠിത വളര്‍ച്ചയില്‍ സന്ന്യസ്തര്‍ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാവുന്നതല്ല. തങ്ങളുടെ ഭൗതികമായ സന്തോഷങ്ങള്‍ ഉപേക്ഷിച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവരാണു സന്ന്യസ്തര്‍. എവിടെയെല്ലാം സന്ന്യസ്തരുണ്ടോ അവിടെയെല്ലാം നിസ്വാര്‍ഥമായ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുഭവങ്ങള്‍ സ്വന്തമാക്കാന്‍ സമൂഹത്തിനു സാധിക്കുന്നു. കൂട്ടായ്മയുടെ കരുത്തില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ നമുക്കു സാധിക്കും. പ്രകോപനങ്ങളുണ്ടാകുമ്പോള്‍ ഉള്ളിലെ വെളിച്ചം കൂടുതല്‍ ഉജ്വലമായി പ്രകാശിപ്പിക്കുകയാണു നാം ചെയ്യേണ്ടതെന്നും ജസ്റ്റിസ് എബ്രഹാം മാത്യു അഭിപ്രായപ്പെട്ടു.

സഭയില്‍ നിന്നു പുറത്തുപോകുന്നവര്‍ പറയുന്നതിലല്ല, ക്രിസ്തീയമായ ആനന്ദത്തോടെ അകത്തുകഴിയുന്നവര്‍ പറയുന്നതാണു സന്ന്യാസമെന്നു മുഖ്യപ്രഭാഷണം നടത്തിയ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. സന്ന്യാസത്തെ സംരക്ഷിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ആവശ്യമില്ല. സംരക്ഷണം സഭയ്ക്കു സാധിക്കും. സഭയില്‍നിന്നു പുറത്തുപോകുന്നവരെ മറയാക്കി സഭയെ അവഹേളിക്കുന്നവരെ തിരിച്ചറിയാന്‍ മാധ്യമങ്ങള്‍ക്കും സമൂഹത്തിനും സാധിക്കണം. വലിയവരാകാനല്ല ചെറുതാകാന്‍ ശ്രമിക്കുന്നവരാണു സന്ന്യസ്തര്‍. വലിയവരെ നോക്കാനല്ല, ചെറിയവരെ പരിചരിക്കുന്നവരാണ് അവര്‍. ഇതാണ് സന്ന്യാസത്തിന്റെ സൗരഭ്യം. ഈ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെ അന്ധമായി വിമര്‍ശിക്കുന്നവരെ തിരിച്ചറിയണം. സന്ന്യസ്തരുടെ അച്ചടക്കത്തെ അടിമത്തമെന്നു വിളിക്കരുത്. വിശ്വാസവും വിശ്വസ്തതയും ഇല്ലാത്തവര്‍ക്കു സമര്‍പ്പിതജീവിതം അസാധ്യമാണെന്നും ഫാ. ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു.

ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍, ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, സിസ്റ്റര്‍ ഡോ. ജയ സിടിസി, ഡോ. കൊച്ചുറാണി ജോസഫ്, സിസ്റ്റര്‍ ഡോ. വിനീത സിഎംസി, കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ഷാജി ജോര്‍ജ്, സിസ്റ്റര്‍ ഡോ. നോബിള്‍ തെരേസ് ഡിഎം, സിറിയക് ചാഴിക്കാടന്‍, റോസ് മരിയ, മരിയ ജെസ്‌നീല മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു.എറണാകുളം-അങ്കമാലി, വരാപ്പുഴ, കൊച്ചി, കോട്ടപ്പുറം, മൂവാറ്റുപുഴ രൂപതകളിലെ സന്ന്യാസ സമൂഹങ്ങളില്‍നിന്ന് മൂവായിരത്തോളം സന്ന്യസ്തരും വൈദിക, അല്മായ പ്രതിനിധികളും പങ്കെടുത്തു.

മിസ്റ്റർ ഇന്ത്യ മത്സരത്തിൽ Teenage Category യിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഷൈൻ ആൻറണിക്ക്‌ അഭിനന്ദനങ്ങൾ

എറണാകുളത്ത് വെച്ച് സംഘടിപ്പിച്ച മിസ്റ്റർ ഇന്ത്യ മത്സരത്തിൽ teenage category യിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഷൈൻ ആൻറണിക്ക്‌ വരാപ്പുഴ അതിരൂപതയുടെ അഭിനന്ദനങ്ങൾ. കെ.സി.വൈ.എം സെന്റ്. ജെയിംസ് ചേരാനല്ലൂർ യൂണിറ്റ് ജോയിൻ സെക്രട്ടറി കൂടിയാണ് ഷൈൻ ആൻറണി.

മറിയം ത്രേസ്യ വിശുദ്ധപദം ചൂടി

കുടുംബങ്ങള്‍ക്കുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളിലൂടെ പുണ്യജീവിതം നയിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്‌ടോബര്‍ 13ന് ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കുശേഷം 1.30ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ നടന്ന സമൂഹബലിയര്‍പ്പണത്തിന് ആമുഖമായി ഫ്രാന്‍സിസ് പാപ്പാ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തി. ഇംഗ്ലണ്ടിലെ കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, ബ്രസീലിലെ പാവങ്ങളുടെ അമ്മ സിസ്റ്റര്‍ ദൂള്‍ചെ ലൊപെസ് പോന്തെസ്, ഇറ്റലിക്കാരി രോഗീപരിചാരികയായ സിസ്റ്റര്‍ ജുസെപ്പീന വന്നീനി, സ്വിറ്റ്‌സര്‍ലന്‍ഡുകാരി മാര്‍ഗ്രറ്റ് മെയ്‌സ് എന്നിങ്ങനെ ആഗോള സഭയിലെ മറ്റു നാലു വാഴ്ത്തപ്പെട്ടവരെയും പാപ്പാ വിശുദ്ധരായി പ്രഖ്യാപിക്കുകയുണ്ടായി.

കെ.സി.വൈ.എം വരാപ്പുഴ അതിരൂപത മുഖപത്രം പൊരുൾ പ്രകാശനം ചെയ്തു

2019 വല്ലാർപാടം തീർഥാടനത്തോടനുബന്ധിച്ച്  കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ പൊരുൾ പ്രത്യേക പതിപ്പ് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ്, കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡൻറ് അഡ്വ. ആന്റണി ജൂഡിക്ക് നൽകി പ്രകാശനം നിർവഹിച്ചു. രൂപത ജനറൽ സെക്രട്ടറി ദീപു ജോസഫ് , ട്രഷറർ സിബു ആന്റിൻ ആന്റണി ,സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് റാൽഫ് മറ്റു രൂപത ഭാരവാഹികളായ മിമിൽ വർഗീസ്, ആഷ്‌ലിൻ പോൾ, എഡിസൺ ജോൺസൺ, മേരി ജിനു, റിജോയ്സ് തോമസ് പോൾ എന്നിവർ സന്നിഹിതരായിരുന്നു.

വരാപ്പുഴ അതിരൂപത സിനഡാനന്തര നിയമങ്ങളും മാർഗ്ഗരേഖകളും പ്രകാശനം ചെയ്തു

വരാപ്പുഴ അതിരൂത മെത്രാസന മന്ദിരത്തിൽ  നടന്ന അതിരൂപത അജപാലന സമിതി യോഗത്തിൽ വച്ച് വരാപ്പുഴ അതിരൂപത സിനഡാനന്തര നിയമങ്ങളും മാർഗ്ഗരേഖകളും  അതിരൂപത ആർച്ച് ബിഷപ്പ് മോസ്റ്റ്.റവ.ഡോ.ജോസഫ് കളത്തിപറമ്പിൽ അതിരൂപത മുൻ ആർച്ച്ബിഷപ്പ് മോസ്റ്റ് റവ.ഡോ.ഫ്രാൻസീസ്കല്ലറക്കലിന് നൽകി പ്രകാശനം ചെയ്തു.

ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസിസ് കയറക്കൽ പിതാവിന്റെ കാലഘട്ടത്തിലാണ് അതിരൂപതയുടെ സമഗ്ര വികസനത്തിന് വേണ്ടി സിനഡ് നടത്തിയത്. പ്രസ്തുത യോഗത്തിൽ വച്ച് അതിരൂപത അനുരജ്ഞന സമിതി രൂപീകരിച്ചു. പ്രളയത്തോടനുബന്ധിച്ച് ചെയ്ത കാര്യങ്ങളും ഏറ്റെടുത്ത കർമ്മ പരിപാടികളും യോഗം അവലോകനം ചെയ്തു.വി കാർ ജനറൽമാരായ മോൺ.മാത്യു കല്ലിങ്കൽ ,മോൺ.മാത്യു ഇലത്തിമറ്റം, സെക്രട്ടറി ഷെറി ജെ തോമസ് എന്നിവർ സംസാരിച്ചു.

ദുരന്തത്തില്‍പെട്ട മലബാര്‍ മേഖലയ്ക്ക് പിന്തുണയും സഹായവുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരന്തത്തില്‍പെട്ട മലബാര്‍ മേഖലയ്ക്ക് പിന്തുണയും സഹായവുമായി കെ.സി.വൈ.എം.വരാപ്പുഴ അതിരൂപത.   കെ.സി.വൈ.എം ന്റെ നേതൃത്വത്തിൽ അവശ്യവസ്തുകളുമായി ആദ്യ ലോഡ് ആഗസ്റ്റ് 15ന് മലബാര്‍ മേഖലയിലേക്ക്പുറപ്പെട്ടിരുന്നു. അത് കെ.സി.വൈ.എം കോഴിക്കോട് രൂപതയ്ക്ക് കൈമാറുകയും ചെയ്തു . കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് അഡ്വ. ആന്റണി ജൂഡിയുടെ നേതൃത്വത്തിൽ രൂപതയിലെ വിവിധ കെ.സി.വൈ.എം യൂണിറ്റുകൾ #do for kerala ക്യാമ്പയിൻ ന്റെ ഭാഗമായി ആണ് അവശ്യവസ്തുക്കൾ സമാഹരിച്ചത്‌.