“ചരിത്രവും സാംസ്‌കാരിക പൈതൃകവും നിലനില്പിന്റെ ഉപാധികള്‍”: ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

സംസ്ഥാനത്ത് നവോത്ഥാന ചരിത്രത്തിന് പുതിയ അവകാശികള്‍ ഉടലെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സഭയുടെയും സമുദായത്തിന്റെയും ചരിത്രവും സാംസ്‌കാരിക പൈതൃകവും കാത്തുപാലിക്കേണ്ടത് സാമൂഹിക നിലനില്പിനും സ്വത്വബോധത്തിന്റെ വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഓര്‍മിപ്പിച്ചു.

മോണ്‍. ജോസഫ് പടിയാരംപറമ്പിലിനെ ഡയറക്ടറായി നിയമിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത ഹെരിറ്റേജ് കമ്മീഷന്‍ പുനഃസംഘടിപ്പിച്ച ശേഷം ചേര്‍ന്ന ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കമ്മീഷന്‍ ചെയര്‍മാനായ ആര്‍ച്ച്ബിഷപ്. സങ്കുചിത താല്പര്യങ്ങള്‍ക്കായി ചരിത്രത്തെ വക്രീകരിക്കാനും തമസ്‌കരിക്കാനും ദുര്‍വ്യാഖ്യാനം ചെയ്യാനും സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നമ്മുടെ ചരിത്രഗവേഷകരുടെ പ്രയത്‌നങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കേണ്ടത് അത്യാവശ്യമാണ്. റോമിലെ വിഖ്യാത യൂണിവേഴ്‌സിറ്റിയില്‍ തന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാന്‍ ശ്രമിച്ച സിടിസി സന്ന്യാസിനീ സമൂഹത്തിലെ സിസ്റ്റര്‍ സൂസി കിണറ്റിങ്കല്‍ കടുത്ത വെല്ലുവിളികള്‍ നേരിട്ടത് ആര്‍ച്ച്ബിഷപ് അനുസ്മരിച്ചു. കെആര്‍എല്‍സിസി ഹെരിറ്റേജ് കമ്മീഷന്റെ നേതൃത്വത്തില്‍ റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍ രചന നിര്‍വഹിച്ചും എഡിറ്റു ചെയ്തും ഇറക്കുന്ന ചരിത്രഗ്രന്ഥങ്ങളുടെ പരമ്പര ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും സമൂഹത്തിനും അതുല്യ സംഭാവന നല്‍കിയ നവോത്ഥാന നായകനായ അര്‍ണോസ് പാതിരിയുടെ (ജര്‍മനിയില്‍ ജനിച്ച യൊഹാന്‍ ഏണ്‍സ്റ്റ് ഹാന്‍ക്‌സ്‌ലേഡന്‍ എന്ന ജസ്യുറ്റ് മിഷനറി) 287-ാം ചരമവാര്‍ഷികത്തില്‍ കവിശ്രേയസുകൊണ്ട് വിദേശമിഷനറിമാരില്‍ അദ്വിതീയനായ ആ മഹാമനീഷിക്ക് യോഗം പ്രണാമം അര്‍പ്പിച്ചു. എഫ്. ആന്റണി പുത്തൂര്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. 

അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം എന്നിവര്‍ സന്നിഹിതരായിരുന്നു. മോണ്‍. ജോസഫ് പടിയാരംപറമ്പില്‍ കമ്മീഷന്റെ നയരേഖയും കര്‍മപദ്ധതികളും അവതരിപ്പിച്ചു. ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലിയുടെ 150-ാം ചരമവാര്‍ഷിക അനുസ്മരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ് പള്ളിക്കൊരു പള്ളിക്കൂടം എന്ന ഇടയലേഖനത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നല്‍കിയ ചരിത്രപ്രധാനമായ സംഭാവനകള്‍ സാക്ഷ്യപ്പെടുത്തിയത് ചാരിതാര്‍ഥ്യജനകമാണെന്ന് മോണ്‍. പടിയാരംപറമ്പില്‍ പറഞ്ഞു. ഹെരിറ്റേജ് കമ്മീഷന്റെയും അതിരൂപതയിലെ കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ അംഗങ്ങളുടെയും സംയുക്ത യോഗത്തില്‍ ഡോ. ചാള്‍സ് ഡയസ്, ആന്റണി അമ്പാട്ട്, മാനിഷാദ്, ഡോ. മോളി ഫെലിക്‌സ്, മാത്തച്ചന്‍ അറയ്ക്കല്‍, ജെക്കോബി തുടങ്ങിയവര്‍ സംസാരിച്ചു.

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *