മോണ്‍. ക്ലീറ്റസ് പറമ്പലോത്ത് പൗരോഹിത്യത്തിന്റെ സുവര്‍ണ്ണ ജൂബിലി നിറവില്‍

പൗരോഹിത്യ ജീവിതത്തിൻെറ 50 സുവർണ്ണ വർഷങ്ങൾ പിന്നിടുന്ന ക്ലീറ്റസച്ചൻ വിനീതനായി ചെമ്പുമുക്ക് ആവിലാ ഭവനിൽ വിശ്രമജീവിതം നയിക്കുന്നു. 1941-ൽ കർത്തേടം പറമ്പലോത്ത് ജോസഫ് – മേരി ദമ്പതികളുടെ മകനായിട്ടാണ് ജനനം. 1968-ൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായിരുന്ന ഡോ. ജോസഫ് അട്ടിപ്പേററിയിൽ നിന്നാണ് വൈദികപട്ടം സ്വീകരിച്ചത്. വരാപ്പുഴ, കോട്ടപ്പുറം രൂപതകളിൽ ഉൾപ്പെടുന്ന പത്തോളം പള്ളികളിൽ വികാരിയായും ആശീർഭവൻ, മൈനർ സെമിനാരി ഡയറക്ടറായും കത്തീഡ്രൽ പള്ളി വികാരിയായും സേവനം ചെയ്തിട്ടുണ്ട്.

ആറു പതിറ്റാണ്ടിലേറെയായി വാസ്തുവിദ്യയിലും ശിൽപ വിദ്യയിലും ഒരുപോലെ മികവുപുലർത്തുന്ന പുരോഹിതൻ മോൺ. ക്ലീറ്റസ് പറമ്പലോത്തിൻെറ കരവിരുതിൽ വിടർന്ന ദേവാലയ അൾത്താരകൾ അപൂർവ്വം. 1965-ൽ സെമിനാരി തിയോളജി വിദ്യാർത്ഥിയായിരിക്കുമ്പോൾ സ്വന്തം ഇടവകയായ കർത്തേടം പള്ളിയിലെ അൾത്താര മേശ ഡിസൈൻ ചെയ്തുകൊണ്ടാണ് ശിൽപവിദ്യക്ക് ആരംഭം കുറിച്ചത്. ആദിയും അന്തവുമായ ദൈവത്തെ പ്രതീകവൽക്കരിക്കുന്ന ആൽഫ ഒമേഗ ആശയം അവലംബിച്ച് ഡിസൈൻ ചെയ്തു. എല്ലാവർക്കും നൂതനാശയവും ലാളിത്യവും ഇഷ്ടപ്പെട്ടു. പിന്നെ ഡിസൈനുകൾക്കായി വൈദികർ ക്ലീറ്റസച്ചനെ സമീപിച്ചു. പുത്തൻ കാഴ്ചപ്പാടുകളുമായിട്ടാണ് കടന്നുവരുന്നത്. പള്ളി മുഖപ്പുകൾ, മദ്ബഹ, സക്രാരി, അൾത്താര മേശ, ആംബോ, സൈഡ് ആൾട്ടറുകൾ, ഗ്രോട്ടോകൾ തുടങ്ങിയവ വ്യത്യസ്തമായ ഡിസൈനുകളിൽ കേരളത്തിന് അകത്തും പുറത്തും ഉണ്ടായിട്ടുണ്ട്. ജന്മസിദ്ധമായ കഴിവുകൊണ്ടാണ് ശിൽപകലയിൽ പ്രാവീണ്യം നേടിയത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് കൈയെഴുത്തുമാസിക രൂപകൽപന ചെയ്തിരുന്നു. സാങ്കേതിക വിദ്യാഭ്യാസത്തിൻെറ പിൻബലം ഉണ്ടായിരുന്നില്ലെങ്കിലും ക്ലീറ്റസച്ചൻ ഡിസൈൻ ചെയ്യുന്നത് ഏറെ ആകർഷകമായിരുന്നു. ചരിയൻതുരുത്ത് വേളാങ്കണ്ണി മാതാ പള്ളിയുടെ മുഖപ്പ് ഡിസൈൻ ചെയ്തത് ക്ലീറ്റസച്ചനാണ്. തീർത്ഥാടന കേന്ദ്രമായ കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് ദേവാലയത്തിൻെറ അൾത്താര രൂപകൽപന ചെയ്തത് ക്ലീറ്റസച്ചനാണ്. ഏതാണ്ട് നൂറ് കണക്കിന് പള്ളികളുടെ അൾത്താര രൂപകൽപന നൽകി ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നുവെങ്കിലും പൗരോഹിത്യത്തിൻെറ സുവർണ ജൂബിലി നിറവിലും കർമ്മനിരതനാണ്. വാസ്തു നിർമിതികളെ ആധാരമാക്കി നിർമിതി ദർശനം എന്ന പേരിൽ പുസ്തകം ഇറക്കിയിട്ടുണ്ട്. 

2018 ഡിസംബർ 19-ന് പൗരോഹിത്യത്തിൻെറ സുവർണജൂബിലി നിറവിൽ എത്തിയിരിക്കുന്ന ക്ലീറ്റസചന് കാര്യമായ ആഘോഷങ്ങളൊന്നുമില്ല. ആവില ഭവനിൽ വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു വിശ്രമജീവിതം സന്തോഷകരമാണ്. ആവില ഭവനിലെ മറ്റു വൈദികരുമായി ചേർന്ന് ഒരുമിച്ച് ബലിയർപ്പിച്ചു പ്രാർത്ഥിക്കുന്നു. 2009 സെപ്റ്റംബറിലാണ് മോൺസിഞ്ഞോർ പദവി ലഭിച്ചത്. അന്നു മോൺസിഞ്ഞോർ പദവി ലഭിച്ച മോൺ. അംബ്രോസ് അറയ്ക്കൽ, മോൺ. ജോസഫ് തണണികോട്ടും ആവിലാ ഭവനിൽ കൂടെയുണ്ട്.

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *