ആര്‍ച്ച്ബിഷപ്പ് ജോസഫ് കേളന്തറയുടെയും ആര്‍ച്ച്ബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലിന്റെയും ജന്മശതാബ്ദി ആഘോഷിച്ചു

ആര്‍ച്ച്ബിഷപ്പ് ജോസഫ് കേളന്തറയുടെയും ആര്‍ച്ച്ബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലിന്റെയും ജന്മശതാബ്ദി ആഘോഷിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രത്യേകിച്ച് പാര്‍ശ്വവല്കൃതരായ ദളിതരുടെയും തൊഴിലാളികളുടെയും സമഗ്ര വികസനത്തിനായി പ്രവര്‍ത്തിച്ച മഹാരഥന്മാരായ വൈദിക ശ്രേഷ്ഠരായിരുന്നു ആര്‍ച്ച്ബിഷപ്പ് ജോസഫ് കേളന്തറയും ആര്‍ച്ച്ബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലും എന്ന് ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. കാലം ചെയ്ത രണ്ടു പിതാക്കന്മാരുടെയും ജന്മശതാബ്ദിയോടനുബന്ധിച്ച് എറണാകുളം സെന്റ്. ഫ്രാന്‍സിസ് അസ്സിസി കത്തീഡ്രലില്‍ നടന്ന കൃതജ്ഞതാദിവ്യബലി മധ്യേയാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്. ആര്‍ച്ച്ബിഷപ്പ് എമരിത്തൂസ് ഫ്രാന്‍സിസ് കല്ലറക്കല്‍, കോട്ടപ്പുറം രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി എന്നിവരും അതിരൂപതയിലെ നിരവധി വൈദികരും ദിവ്യബലിയില്‍ സഹകാര്‍മികത്വം വഹിച്ചു. ആര്‍ച്ച്ബിഷപ്പ് ജോസഫ് കേളന്തറ 1971 മുതല്‍ 15 വര്‍ഷക്കലവും, ആര്‍ച്ച്ബിഷപ്പ് കൊര്‍ണേലിയൂസ് 1987 മുതല്‍ 9 വര്‍ഷക്കാലവും വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്മാരായിരുന്നു. പുണ്യശ്ലോകരായ രണ്ടു പിതാക്കന്മാര്‍ വഴി അതിരൂപതയ്ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് സുവിശേഷപ്രസംഗമധ്യേ ബിഷപ്പ് കാരിക്കശ്ശേരി കൃതജ്ഞത പ്രകടിപ്പിച്ചു. ദിവ്യബലിക്ക് മുന്‍പ് നടന്ന ജന്മശതാബ്ദി സമ്മേളനം മുന്‍ ലോകസഭാംഗം ഡോ. ചാള്‍സ് ഡയസ് ഉല്ഘാടനം ചെയ്തു. ഫാദര്‍ ഫിര്‍മൂസ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ജോയി ഗോതുരുത്ത് അദ്ധ്യക്ഷത വഹിച്ചു. കെ. ആര്‍. എല്‍. സി. സി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്ജ്, ആല്ബര്‍ട്ട് ജൂഡ് കേളന്തറ, പ്രൊഫ്. വി.എക്‌സ്. സെബാസ്റ്റ്യന്‍, എന്‍. സി. അഗസ്റ്റിന്‍, അലോഷ്യസ് എന്നിവര്‍ പ്രസംഗിച്ചു. ഫാദര്‍ ഫിര്‍മൂസ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ജന്മശതാബ്ദി പരിപാടികള്‍ നടത്തപ്പെട്ടത്. 

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *