Independance Day Message by Archbishop Dr. Joseph Kalathiparambil

ഭാരതത്തിന്‍റെ 71-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനാശംസകള്‍ നേരുന്നു.
നിസ്വാര്‍ത്ഥമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നാം നടത്തുന്ന എല്ലാ മുന്നേറ്റങ്ങളും ശ്ലാഘനീയമാണ്. ചരിത്രത്തിലൂടെ നോക്കുമ്പോള്‍ നാം തിരിച്ചറിയുന്ന ഒരു വലിയ സത്യമുണ്ട്, സാംസ്കാരികതയുടെയും വിവിധ മതവിശ്വാസികളുടെയും വലിയ ഉറവിടമാണ് ഭാരതമെന്നത്. ഈ സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി നാം അഭിമാനത്തോടെ ഈ ദിനത്തെ ധന്യമാക്കുമ്പോള്‍ മറന്നുപോകരുതേ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദാരുണമായ മുറവിളികളെയെന്നത് ഞാന്‍ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്.

സ്വാര്‍ത്ഥതയുടെ കടന്നുകയറ്റം പാവപ്പെട്ടവന്‍റെ ജീവിതത്തെ കൂടുതല്‍ അടിമത്വത്തിലേക്ക് നയിക്കുകയാണ്. കമ്പോളവത്കരണത്തിന്‍റെയും ആധുനിക ജീവിതശൈലിയുടെയും ഭാഗമായ വെട്ടിപ്പിടിത്തങ്ങളുടെ ജീവിതശൈലി മാറ്റപ്പെടണം. സഹോദരന്‍റെ സ്വാതന്ത്ര്യത്തെ മാനിക്കണം. അപരന്‍റെ ഉയര്‍ച്ചയെ ഉള്‍ക്കൊള്ളാനുള്ള ഉള്‍ക്കാഴ്ച ഉണ്ടാകണം. വിദ്വേഷത്തിന്‍റെയും കലഹത്തിന്‍റെയും പ്രത്യയ ശാസ്ത്രങ്ങള്‍ അവസാനിപ്പിക്കണം. നൊമ്പരപ്പെടുന്നവന്‍റെ കണ്ണീര്‍ത്തുള്ളികള്‍ തിരിച്ചറിയുവാനും അവന് നഷ്ടപ്പെട്ട സ്വാതന്ത്ര്യത്തിന് വഴിയൊരുക്കുവാനും നാം തന്നെ മുന്‍കൈ എടുക്കണം. ഭവനമില്ലാതെ അലയുന്ന മക്കളുടെ സുസ്ഥിരതയ്ക്കായി നടപടികളെടുക്കണം. അഴിമതിയിലൂടെ കുമിഞ്ഞുകൂടുന്ന സമ്പത്ത് ചോദ്യം ചെയ്യപ്പെടണം. എല്ലാറ്റിനുമുപരി മനുഷ്യജീവന് വിലകല്‍പ്പിക്കപ്പെടണം. ഇതാണ് സ്വാതന്ത്ര്യത്തിന്‍റെ മാറ്റൊലിയാകേണ്ടത്.

സ്വാതന്ത്ര്യദിനാഘോഷങ്ങളെല്ലാം നാമമാത്ര പ്രകടനങ്ങളാകാതെ ഉള്‍ക്കാഴ്ചയോടെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ നമുക്ക് പരിശ്രമിക്കാം. ജയ്ഹിന്ദ്!

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *