പ്രശസ്തമായ വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്തംബര്‍ 10ന് മരിയന്‍ കണ്‍വെന്‍ഷന്‍ 11 മുതല്‍ 15 വരെ

എറണാകുളം: നാനാജാതി മതസ്ഥരായ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസത്തിന്‍റെയും സമാധാനത്തിന്‍റെയും സൗഖ്യത്തിന്‍റെയും ആത്മീയ നിറവേകി ഈ വര്‍ഷം സെപ്തംബര്‍ 10ന് നടക്കുന്ന വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനത്തിന്‍റെയും 11 മുതല്‍ 15 വരെ നടക്കുന്ന മരിയന്‍ കണ്‍വെന്‍ഷന്‍റെയും ഒരുക്കങ്ങള്‍ ആരംഭിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഒഎഫ്എം, ഫാ. നെല്‍സന്‍ ജോബ് ഒസിഡി, ഫാ. ജോസ് ഉപ്പാണി, ഫാ. പ്രശാന്ത് ഐഎംഎസ് തുടങ്ങിയ ധ്യാനപ്രഘോഷകര്‍ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. സെപ്തംബര്‍ 11 മുതല്‍ 15 വരെ ദിവസവും വൈകീട്ട് 4.30 മുതല്‍ രാത്രി 8.30 വരെ ദിവ്യബലിയും ജപമാലയും ഉണ്ടായിരിക്കും.

അതിരൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍റെ നേതൃത്വത്തിലാണ് ധ്യാനശുശ്രൂഷകള്‍ ഒരുക്കുന്നത്. ഇതിനായി ഫൊറോന തല നേതാക്കളുടെ യോഗം ആഗസ്റ്റ് 6ന് വൈകീട്ട് 3ന് എറണാകുളം ആശിര്‍ഭവനില്‍ ചേരുമെന്ന് അതിരൂപത കരിസ്മാറ്റിക് ഡയറക്ടര്‍ ഫാ. ആന്‍റണി ഷൈന്‍ കാട്ടുപറമ്പില്‍ അറിയിച്ചു.

തീര്‍ത്ഥാടനത്തിന്‍റെ ഒരുക്കത്തിനായുള്ള വിവിധ കമ്മറ്റികള്‍ വരാപ്പുഴ അതിരൂപത അതിമെത്രാസന മന്ദിരത്തില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകരിച്ചു. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ രക്ഷാധികാരിയായി 18ഓളം കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ അനുഗ്രഹത്തിനായി വല്ലാര്‍പാടത്തെത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും സന്യസ്തര്‍ക്കും എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അഭ്യര്‍ത്ഥിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും, ജനപ്രതിനിധികളെയും ഇതിനായി സഹകരിപ്പിച്ച് പ്രവര്‍ത്തിക്കണമെന്നും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *